KERALA NEWS

സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; എറണാകുളത്ത് ഡെങ്കിപ്പനി പടരുന്നു, ഒരു മരണം

സംസ്ഥാനത്ത് ആശങ്കയായി പനി ബാധിതരുടെയും മറ്റ് രോഗികളുടെയും എണ്ണം ഉയരുന്നു. ഇന്ന് ഒരൊറ്റ ദിവസം സംസ്ഥാനത്ത് ആകെ ഒന്‍പത് പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആദ്യ കോളറ കേസ് റിപ്പോര്‍ട്ട് ചെയ്ത നെയ്യാറ്റികരയില്‍ പുതിയതായി ആറ് പേര്‍ക്കും കാസര്‍ഗോഡ് മൂന്ന് പേര്‍ക്കുമാണ് ഇന്ന് കോളറ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കരയിലെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി. നെയ്യാറ്റികരയില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ ഐരാണിമുട്ടം ഐസൊലേഷന്‍ വാര്‍ഡിലും രണ്ട് പേര്‍ മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുള്ളത്. തിരുവനന്തപുരത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ള ഏഴ് പേരില്‍ ആറ് പേരും നെയ്യാറ്റിന്‍കരയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. രണ്ട് തമിഴ്നാട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് കോളറ സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് സ്വദേശി അടുത്തിടെ തമിഴ്നാട്ടില്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. അവധിക്ക് നാട്ടില്‍ പോയി വന്നവരാണ് രോഗബാധ കണ്ടെത്തിയ തമിഴ്നാട് സ്വദേശികള്‍.
അതിനിടെ എറണാകുളത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. മേഖലയില്‍ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് പെയ്ത മഴയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുകള്‍ തുടരുന്നുണ്ട്. ഇവിടെയാണ് കൊതുകുകള്‍ പെരുകുന്നത്. അതേസമയം, സംസ്ഥാനത്തെ പനിബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആരോഗ്യ വകുപ്പിന്റെ പുതിയ കണക്കുകള്‍ പ്രകാരം13,196 പേരാണ് ഇന്ന് പനി ചികിത്സയ്ക്കായി വിവിധ ആശുപത്രികളിലെത്തിയത്. ഇതില്‍ 145 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 416 പേര്‍ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 42 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനിയും സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മഴ മാറി നില്ക്കുകയാണെകിലും മഴജന്യ രോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും ഒട്ടും കുറവില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *