കാഞ്ഞങ്ങാട്: കാസറഗോഡ് ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി അഹോരാത്രം പാട് പെടുന്ന എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ കേരളത്തിന് എയിംസ് അനുവദിക്കുക, എയിംസിനായൂള്ള പ്രൊപ്പോസലിൽ കാസറഗോഡിന്റെ പേർ ഉൾപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് നടത്തി വരുന്ന സമരങ്ങൾക്ക് ഫലം കണ്ടു തുടങ്ങിയതായി കൂട്ടായ്മ ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷക്കാലമായി എയിംസ് ജനകീയ കൂട്ടായ്മ നടത്തി വരുന്ന സമരങ്ങൾ അധികാരികളുടെ കണ്ണു തുറപ്പിച്ചതിന്റെ വ്യക്തമായ തെളിവാണ് എയിംസിനായുള്ള പ്രൊപ്പോസലിൽ കാസർഗോഡിന്റെ പേരു കൂടി ഉൾപ്പെടുത്തി കൊണ്ട് കേരളത്തിന് എയിംസ് അനുവദിക്കാൻ കേന്ദ്രം തീരുമാനിച്ചതെന്നും ജില്ലയ്ക്ക് എയിംസ് അനുവദിച്ചു കിട്ടുന്നതിനായി സമരം ശക്തമാക്കുമെന്നും യോഗം തീരുമാനിച്ചു. എയിംസ് കാസരഗോഡിന് അനുവദിച്ചു കിട്ടും വരെ വിവിധ സമര പോരട്ടങ്ങളുമായി മുന്നോട്ട് പോകും എന്ന് ദയാബായി അമ്മ അറിയിച്ചു. എയിംസ് ലഭിക്കുന്നതിന്നായി കാസറഗോഡിന്റെ ജനകീയ എം.പി. ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ നടത്തി വരുന്ന ഇടപെടലുകൾ അഭിനന്ദനീയമാണെന്ന് യോഗം വിലയിരുത്തി.
എയിംസ് കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ച യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് യൂസഫ് ഹാജി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ വൈസ് പ്രസിഡന്റുമാരായ ജമീല അഹ്മദ്, ഹക്കീം ബേക്കൽ, കോർഡിനേറ്റർ ശ്രീനാഥ് ശശി, സെക്രട്ടറി ഉമ്മു ഹാനി, ആനന്ദൻ പെരുമ്പള, സൂര്യനാരായണ ഭട്ട്, മുഹമ്മദ് കുഞ്ഞി കൊളവയൽ, അഹ്മദ് കിർമാനി, ഹരിശ്ചന്ദ്രൻ കാഞ്ഞങ്ങാട്, ഗീതാ ജോണി, റയിസ ടീച്ചർ എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി നാസർ ചെർക്കളം സ്വാഗതവും മുരളീധരൻ പടന്നക്കാട് നന്ദിയും പറഞ്ഞു.
2023-24 വർഷത്തെ പുതിയ ഭാരവാഹികളായി ഗണേഷ് അരമങ്ങാനം (പ്രസിഡന്റ്), മുരളീധരൻ പടന്നക്കാട് (ജനറൽ സെക്രട്ടറി), സലീം സന്ദേശം ചൗക്കി (ട്രഷറർ), ശ്രീനാഥ് ശശി (ജനറൽ കോർഡിനേറ്റർ), ജമീലാ അഹ്മദ്, സൂര്യനാരായണ ഭട്ട്, ഹക്കീം ബേക്കൽ, ഉമ്മു ഹാനി ഉദുമ, സുമിത നീലേശ്വരം (വൈസ് പ്രസിഡന്റുമാർ) സിസ്റ്റർ ജയ ആന്റോ മംഗലത്ത്, വി.കെ.കൃഷ്ണദാസ്, പ്രീത നീലേശ്വരം, അഡ്വ.അൻവർ.ടി.ഇ (സെക്രട്ടറിമാർ) നാസർ കൊട്ടിലങ്ങാട് (ഓവർസീസ് കോർഡിനേറ്റർ) എന്നിവരെതിരഞ്ഞെടുത്തു.