കർണാടക ബി ജെ പിയിൽ അഴിച്ചുപണി. മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര യെദിയൂരപ്പയെ ബി ജെ പി സംസ്ഥാന പ്രസിഡന്റായി നിയമിച്ചു. നളീൻ കുമാർ കട്ടീലിന് പകരമായാണ് വിജയേന്ദ്രയെ ബി ജെ പി സംസ്ഥാന അധ്യക്ഷനാക്കിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി ജെ പി സംഘടനാ അഴിച്ചുപണി നടത്തിയത്. മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. മകനെ സംസ്ഥാന അധ്യക്ഷനാക്കിയതിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും യെദിയൂരപ്പയുടെ സ്വാധീന വലയത്തിലാകുകയാണ് ബി ജെ പി. തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും മുതിർന്ന ലിംഗായത്ത് നേതാവായ യെദിയൂരപ്പക്ക് സംസ്ഥാനത്ത് വലിയ വേരോട്ടമുണ്ട്. ഈ വർഷമാദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയേന്ദ്ര എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യെദിയൂരപ്പയുടെ രാഷ്ട്രീയ അവകാശിയായി കണക്കാക്കപ്പെടുന്നയാളാണ് വിജയേന്ദ്ര. യെദിയൂരപ്പയുടെ മൂത്തമകൻ ബി വൈ രാഘവേന്ദ്ര ലോക്‌സഭാ എം പിയാണ്. ഒരു കുടുംബത്തിലെ ഒന്നിൽ അധികം അംഗങ്ങളെ രാഷ്ട്രീയത്തിൽ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ ബി ജെ പി ശ്രമിക്കുന്നതിനിടെയാണ് വിജയേന്ദ്രയുടെ നിയമനം എന്നതും ശ്രദ്ധേയമാണ്. 2018 ലെ കർണാടക തിരഞ്ഞെടുപ്പിൽ പിതാവ് വിജയിച്ച ശിഖരിപുരയിലെ എം എൽ എയാണ് വിജയേന്ദ്ര. ശിവമോഗയിലെ ശിക്കാരിപുര മണ്ഡലത്തിൽ നിന്ന് 11,008 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയേന്ദ്ര തന്റെ തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തിൽ വിജയിച്ചത്. അതേസമയം കർണാടകയിൽ ഇതുവരെ ബി ജെ പി പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ അധ്യക്ഷ സ്ഥാനത്തിനായി മത്സരിച്ചിരുന്നു. ശോഭ കരന്ദ്‌ലാജെ, സി ടി രവി, വി സുനിൽകുമാർ തുടങ്ങിയ മുതിർന്ന നേതാക്കളാണ് ബി ജെ പി അധ്യക്ഷ സ്ഥാനം നോട്ടമിട്ടിരുന്നത്. എന്നാൽ പാർട്ടി തിരഞ്ഞെടുത്തത് സംസ്ഥാനത്ത് ആദ്യമായി എം എൽ എയും ബി ജെ പി നേതാക്കളിൽ ജൂനിയറുമായ വിജയേന്ദ്രയെയാണ് എന്നതാണ് ശ്രദ്ധേയം. ബി ജെ പി സംസ്ഥാന ഘടകത്തെ നയിക്കാൻ ലിംഗായത്ത് നേതാവ് തന്നെ വരുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാൽ എതിരാളികൾക്കെതിരെ കുടുംബ രാഷ്ട്രീയം ആരോപിക്കുന്ന ബി ജെ പി തന്നെ മുതിർന്ന നേതാവിന്റെ മകനെ എം എൽ എയായും അധ്യക്ഷനായും തിരഞ്ഞൈടുത്തതാണ് അത്ഭുതപ്പെടുത്തുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
