മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് പോലീസ്. ഈ മാസം 18 ന് ഹാരജരാകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. നടക്കാവ് പോലീസാണ് നോട്ടീസ് നൽകിയത്. സുരേഷ് ഗോപി മോശം ഉദ്യോശത്തോടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമ പ്രവർത്തക പോലീസിൽ പരാതി നൽകിയത്. തുടർന്ന് സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. പരാതിയിൽ നേരത്തേ നടക്കാവ് പോലീസ് മാധ്യമപ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഒക്ടേബർ 27 നായിരുന്നുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യം ഉയർത്തിയ മീഡിയ വൺ ചാനലിലെ വനിത മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ പ്രവൃത്തിയിൽ ആദ്യം തന്നെ മാധ്യമപ്രവർത്തക അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും വീണ്ടും സുരേഷ് ഗോപി ആവർത്തിക്കുകയായിരുന്നു. ഇതോടെ മാധ്യമ പ്രവർത്തക സുരേഷ് ഗോപിയുടെ കൈ എടുത്ത് മാറ്റി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവം വിവാദമായതോടെ വിഷയത്തിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞു. ‘മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്.ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം.ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’, എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ സുരേഷ് ഗോപിയുടെ പ്രതികരണം മാപ്പ് പറച്ചിലായി തോന്നുന്നില്ലെന്നായിരുന്നു മാധ്യമപ്രവർത്തക പ്രതികരിച്ചത്. ഒരു വിശദീകരണം മാത്രം ആയിരുന്നു സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഒരാളുടെ അനുവാദം ഇല്ലാതെ അയാളുടെ ശരീരത്തിൽ മോശമായി സ്പർശിക്കുകയാണ് ചെയ്തത്. അത് തനിക്ക് വളരെ മോശമായി തന്നെയാണ് ഫീൽ ചെയ്തതെന്നും അവർ വിശദീകരിച്ചു. ഇനിയൊരു മാധ്യമ പ്രവർത്തകക്കും ഇത്തരമൊരു അനുഭവം ഉണ്ടാവരുതെന്നും തന്നെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീ എന്ന നിലയിൽ അപമാനിക്കപ്പെട്ട സംഭവം ആയിരുന്നു ഇതെന്നും മാധ്യമ പ്രവർത്തക പറഞ്ഞിരുന്നു.
