NATIONAL NEWS

Poll Of Exit Poll: സർവ്വേകളിൽ ലീഡ് കോൺഗ്രസിന്: ബിജെപിക്കും പ്രതീക്ഷകൾ

കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുൻ തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന ഏഴ് സർവ്വേകളിൽ അഞ്ചെണ്ണമാണ് കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നത്. ചിലത് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്ന് അവകാശപ്പെടുമ്പോൾ മറ്റ് ചിലത് കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം നൽകുന്നു. അതേസമയം ബി ജെ പി വീണ്ടും അധികാരത്തിൽ എത്തിയേക്കുമെന്ന് അഭിപ്രായപ്പെടുന്നത് രണ്ട് സർവ്വേകൾ മാത്രമാണ്.
എല്ലാ സർവ്വേകളും തൂക്ക് സഭയ്ക്കുള്ള സാധ്യതകൾ തുറന്നിടുണ്ട് എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസിന് ഏറ്റവും കൂടുതൽ സീറ്റുകൾ പ്രവചിച്ചിരിക്കുന്നവയിൽ ഒരു ഏജൻസി ഇടിജിയാണ്. 106 മുതൽ 120 വരെ സീറ്റുകൾ നേടി ഇത്തവണ കോൺഗ്രസ് അധികാരത്തിലെത്തിയേക്കുമെന്നാണ് പ്രവചനം. നിലവിലെ ഭരണ കക്ഷിയായ ബിജെ പി 78 മുതൽ 92 വരെ സീറ്റുകളിലും ജെ ഡി എസ് 20 മുതൽ 26 വരെ സീറ്റുകളിലും വിജയിക്കുമെന്നും സർവ്വേ അഭിപ്രായപ്പെടുന്നു. മറ്റുള്ളവർക്ക് രണ്ട് മുതൽ നാല് വരെ സീറ്റുകളിലാണ് സാധ്യതയുള്ളത്. ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സർവ്വേ കോൺഗ്രസിന് പ്രവചിക്കുന്നത് 122 മുതൽ 140 വരെ സീറ്റുകളാണ്.
കോൺഗ്രസിന് അധികാരം ലഭിക്കുമെന്ന സൂചനയാണ് സീ ന്യൂസ്-മാട്രൈസ് എക്‌സിറ്റ് പോളും നൽകുന്നത്. 103 മുതൽ 118 വരെ സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്നാണ് സർവ്വേ അവകാശപ്പെടുന്നത്. 113 സീറ്റുകളാണ് കർണാടകയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവിലെ ഭരണ കക്ഷിയായ ബി ജെ പി 79- മുതൽ 94 വരെ സീറ്റുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവ്വെ അവകാശപ്പെടുന്നു. 2018 ലെ തിരഞ്ഞെടുപ്പിൽ കിങ് മേക്കറായി മാറിയ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ ഡി എസിന് 25 മുതൽ 33 വരെ സീറ്റുകളിലാണ് സാധ്യതയുള്ളത്.
റിപ്പബ്ലിക് ടിവി പി-മാർക്യൂ സർവ്വേയിൽ 94 മുതൽ 108 വരെ സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും. ബി ജെ പിക്ക് മോശം സാഹചര്യത്തിൽ 85 സീറ്റും അനുകൂലമായ സാഹചര്യത്തിൽ 100 സീറ്റുകളും ലഭിച്ചേക്കും. 24 മുതൽ 32 വരെ സീറ്റുകൾ ജെ ഡി എസിനും മറ്റുള്ളവർക്ക് രണ്ട് മുതൽ ആറ് വരെ സീറ്റുകളിലും സാധ്യത കൽപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *