കേരള ജല അതോറിറ്റി എംഡിയായി സ്ഥലം മാറി പോകുന്ന ജില്ലയുടെ ആദ്യ വനിതാ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ എന്റെ കേരളം പ്രദർശന വിപണ മേള, ജില്ലാതല സംഘടാക സമിതിക്കും ജില്ലാ പഞ്ചായത്തിനും വേണ്ടിയുള്ള ഉപഹാരം അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ കൈമാറി. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ നടന്ന രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനത്തിലാണ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന് ആദരം നൽകിയത്.
കാസർകോട് ജില്ലയുടെ ആദ്യ വനിതാ ജില്ലാ കളക്ടർ ആയി ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് 2021 ജൂലൈ 13നാണ് ചുമതലയേറ്റത്. ജില്ലയുടെ 24ാമത് കളക്ടറായി ചുമതലയേൽക്കുമ്പോൾ രണ്ടാം കൊവിഡ് തരംഗത്തിന്റെ മൂർധന്യാവസ്ഥയിലായിരുന്ന ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായിരുന്നു പ്രഥമ പരിഗണന നൽകിയത്. കൃത്യമായ ആസൂത്രണത്തോടെയും ഇടവിട്ടുള്ള യോഗങ്ങളിലൂടെയും കൊവിഡ് വ്യാപനത്തിനെതിരായ നടപടികൾ സമയബന്ധിതമായി നടപ്പാക്കി. കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള ധനസഹായം അർഹരുടെ കൈകളിലേക്കെത്തിക്കാൻ നിർണായക ഇടപെടലുകളുണ്ടായി. എൻഡോസൾഫാൻ ദുരിതം വിതച്ച കാസർകോടിന്റെ മണ്ണിൽ ദുരിതബാധിതർക്കായി ആശ്വാസത്തിന്റെ പുതിയ അന്തരീക്ഷം സൃഷ്ടിക്കാനും ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന് കഴിഞ്ഞു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 7171 ദുരിതബാധിതരിലേക്ക് അഞ്ച് ലക്ഷം രൂപ വീതം എത്തിക്കാൻ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകൾ ഏവരുടെയും ആദരവിന് പാത്രമായി. ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും സന്ദർശിച്ച് വില്ലേജ് ഓഫീസുകളിലെ നടപടിക്രമങ്ങൾ വിലയിരുന്നതിനൊപ്പം പൊതുജനങ്ങളുടെ പരാതികൾ സ്വീകരിച്ച് അവ പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈകൊണ്ടു. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിലും ജില്ലാ കളക്ടറുടെ കൈയൊപ്പ് എടുത്ത് പറയേണ്ടതാണ്. രജിസ്ട്രേഷൻ ഐ.ജിയായ കെ.ഇൻപശേഖർ ഐ.എ.എസ് ആണ് പുതിയ കാസർകോട് ജില്ലാ കളക്ടർ.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ കെ.വി.സുജാത, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി.വത്സലൻ, എ.ഡി.എം കെ.നവീൻ ബാബു, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത്ത് കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കുര്യാക്കോസ് പ്ലാപ്പറമ്പിൽ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, യു.കെ.ജയപ്രകാശ്, മാട്ടുമ്മൽ ഹസ്സൻ, വസന്തകുമാർ, വി.വെങ്കിടേഷ്, രതീഷ് പുതിയപുരയിൽ, സുരേഷ് പുതിയേടത്ത്, വി.കെ.രമേശൻ തുടങ്ങിയവർ സംസാരിച്ചു. സബ് കളക്ടർ സൂഫിയാൻ അഹമ്മദ് സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ നന്ദിയും പറഞ്ഞു.