KERALA NEWS

കർഷകന്റെ വാഴ കെഎസ്ഇബി വെട്ടിക്കളഞ്ഞ സംഭവം; മൂന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ധാരണ

കോതമംഗത്ത് കർഷകന്റെ വാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകും. മൂന്നര ലക്ഷം രൂപ കർഷകന് നൽകാനാണ് കൃഷി- വൈദ്യുതി മന്ത്രിമാർ നടത്തിയ ചച്ചയിൽ ധാരണയായിരിക്കുന്നത്. എറണാകുളം കോതമംഗലം സ്വദേശിയായ തോമസിന്റെ കുലച്ചുനിന്ന വാഴകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് ഇല്ലാതെ വെട്ടിയത്. 400 ൽ അധികം വാഴകളായിരുന്നു വെട്ടിയത്. ഹൈടെൻഷൻ വൈദ്യുതി ലൈനിന് ഭീഷണിയാണെന്ന് പറഞ്ഞായിരുന്നു വാഴകൾ വെട്ടിയത്. കർഷകന് നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്ന വിലയിരുത്തിയത്. സംഭവത്തിന് പിന്നാലെ വിമർശം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉചിതമായ നഷ്ടപരിഹാരം നൽകും എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയെ അറിയിക്കുന്നത്. കെഎസ്ഇബി പ്രസരണ വിഭാഗം ഡയറക്ടറോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാനും നിർദേശിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ നടപടി. ഉയരമുള്ള പ്രത്യേക ഇനം വാഴ കൃഷി ചെയ്തതിനാലാണ് 220 കെവി ലൈൻ തകരാറിലായത് എന്നാണ് കെഎസ്ഇബിയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഉടമസ്ഥനെ അറിയിക്കാതെ വാഴ വെട്ടിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും അന്വേഷണത്തിൽ വ്യക്തമായി. ലൈനിന് കീഴിൽ നട്ടിരുന്ന വാഴകൾ ലൈനിന് സമീപംവരെ വളർന്നിരുന്നതായും മനുഷ്യ ജീവന് അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ലൈനിന് സമീപംവരെ വളർന്ന വാഴകൾ അടിയന്തരമായി വെട്ടിമാറ്റുകയായിരുന്നുവെന്നുമാണ് മന്ത്രി നിയമസഭയെ അറിയിച്ചത്. മനസാക്ഷിയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സബ്മിഷൻ അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കൃഷിമന്ത്രി പി പ്രസാദ് രംഗത്തുവന്നിരുന്നു.’ഹൈടെൻഷർ ലൈനിന് കീഴിൽ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്‌നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല. ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാൻ പാടില്ലായെങ്കിൽ നേരത്തേ തന്നെ കെഎസ്ഇബി ഇടപെടേണ്ടതായിരുന്നു എന്നാണ് മന്ത്രി പറഞ്ഞത്. വാഴ കുലച്ച് കുലകൾ വിൽക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കർഷകന്റെ അധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കൃഷി മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാർ യോഗം ചേർന്ന് നഷ്ടപരിഹാരം നൽകാനുള്ള തീരുമാനം എടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *