രാജപുരം :
ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷി ഒരുക്കുന്ന തിരക്കിലാണ് ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകൾ. ഇത്തവണ പൂക്കളം തീർക്കാൻ കുടുംബശ്രീയുടെ ചെണ്ടുമല്ലികളും വിപണിയിലെത്തിക്കാനുളള തിരക്കിലാണ് കുടുംബശ്രീകൾ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ 165 യൂണിറ്റുകളിലാണ് ചെണ്ടുമല്ലി കൃഷി ഒരുക്കുന്നത്. 20.5 ഏക്കർ സ്ഥലത്താണ് പൂക്കൾ കൃഷി ചെയ്യുന്നത്. പള്ളിക്കര, ചെമ്മനാട്, കുമ്പള, കയ്യൂർ-ചീമേനി, ചെറുവത്തൂർ എന്നീ സി.ഡി.എസുകൾക്ക് കീഴിലാണ് വിവിധ ഇടങ്ങളിൽ ചെണ്ടുമല്ലികൾ കൃഷി ചെയ്യുന്നത്. കയ്യൂർ- ചീമേനി സി.ഡി.എസുകൾക്ക് കീഴിലാണ് ഏറ്റവും കൂടുതൽ പൂക്കൾ കൃഷി ചെയ്യുന്നത്. 100 യൂണിറ്റുകൾ കയ്യൂർ ചീമേനി സി.ഡി.എസുകളുടെ കീഴിൽ തന്നെ കൃഷി ചെയ്യുന്നുണ്ട്. 10 സെന്റ് മുതൽ 50 സെന്റ് വരെയുള്ള സ്ഥലത്ത് കൃഷി ചെയ്യുന്ന യൂണിറ്റുകൾ ഉണ്ട്. മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കളുടെ തൈകളും, വിത്തുകളും കൃഷിക്കായി ഉപയോഗിച്ചിരുന്നു.മഴക്കാല കൃഷി ആയതിനാൽ തന്നെ കൂടുതൽ ശ്രദ്ധയോടെയാണ് പൂക്കളുടെ പരിചരണം. കുടുംബശ്രീയുടെ ഓണ ചന്തകൾ വഴി പൂക്കൾ വിപണിയിലെത്തിക്കാനാണ് ആലോചന. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി ഓണത്തിന് പൂക്കൾ എത്തിക്കുന്നത്. എന്നാൽ ഇത്തവണ കുടുംബശ്രീയുടെ നാടൻ പൂക്കളും ഓണ വിപണിയിൽ താരങ്ങളാകും.ജൂൺ ആദ്യ വാരം തന്നെ പൂക്കൾ കൃഷി ചെയ്ത് തുടങ്ങി. പൂക്കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾക്ക് മികച്ച വരുമാനം സ്വന്തമാക്കാനുള്ള അവസരമായാണ് ഓണക്കാലത്തെ കണക്കാക്കുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ യൂണിറ്റുകൾ ഇത്തവണ കൃഷിക്കായി മുന്നിട്ടിറങ്ങി. ചെണ്ടുമല്ലി കൃഷിയിലൂടെ മികച്ച വിളവ് നേടാൻ കുടുംബശ്രീക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് യൂണിറ്റുകൾ.