നെയ്യാറ്റിന്‍കരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപെട്ടാല്‍ അടിയന്തരമായി വൈദ്യപരിശോധന നടത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. രോഗാണുക്കളാല്‍ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങള്‍ പകരുന്നത്. വയറിളക്ക രോഗങ്ങളില്‍ ഗുരുതരമാകുന്ന ഒന്നാണ് കോളറയെന്നും മുന്നറിയിപ്പില്‍ പറയുന്നു. കോളറ മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കഞ്ഞി വെള്ളത്തിന്റെ രൂപത്തില്‍ വയറിളകി പോകുന്നതാണ് പ്രധാന ലക്ഷണം. കൂടുതല്‍ തവണ വയറിളകി പോകുന്നതിനാല്‍ വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് ഗുരുതരാവസ്ഥയില്‍ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മലം പരിശോധനയ്ക്ക് അയക്കേണ്ടതും നിര്‍ജലീകരണം ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. ആന്റി ബയോട്ടിക് ചികിത്സ എത്രയും വേഗം ആരംഭിക്കേണ്ടതാണ്. ഡോക്‌സിസൈക്ലിന്‍, അസിത്രോമൈസിന്‍ എന്നിവ ഫലപ്രദമാണ്. വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം. കരിക്കിന്‍ വെള്ളം എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. വയറിളക്ക രോഗം ഉള്ളപ്പോള്‍ ഒ ആര്‍ എസിനൊപ്പം സിങ്ക് ഗുളിക നല്‍കേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഓ ആര്‍ എസ്, സിങ്ക് ഗുളിക എന്നിവ സൗജന്യമാണ്. രേഗഗ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ഏറ്റവും അടുത്തുള്ള കിടത്തി ചികിത്സ സൗകര്യമുള്ള ആശുപത്രിയില്‍ എത്തേണ്ടത്.