NATIONAL NEWS

ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളത്തിനുകൂടി സാധ്യത തെളിയുന്നു

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ രണ്ടാമതായി മറ്റൊരു വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. നഗരത്തിനായുള്ള നിര്‍ദിഷ്ട രണ്ടാമത്തെ വിമാനത്താവളത്തിന്റെ സ്ഥലം തീരുമാനിക്കാന്‍ ഉടന്‍ യോഗം ചേരുമെന്ന് കര്‍ണാടക ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി എം ബി പാട്ടീല്‍. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ എല്ലാ വശങ്ങളും പരിശോധിക്കും. രണ്ട് പ്രധാന വശങ്ങളാണ് സര്‍ക്കാരിന്റെ മുന്നില്‍ പ്രധാനമായുള്ളത്. യാത്രക്കാരുടെ ലോഡും നിലവിലുള്ള കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റിയും. യാത്രക്കാരുടെ ലോഡിന് മുന്‍ഗണന നല്‍കുകയാണെങ്കില്‍ സര്‍ജാപുര, കനകപുര റോഡ് തുടങ്ങിയ പ്രദേശങ്ങള്‍ക്കായിരിക്കും സാധ്യത,’ മറുവശത്ത് നിലവിലുള്ള വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റിക്കാണ് മുന്‍ഗണന നല്‍കുന്നത് എങ്കില്‍ തുംകൂര്‍, ദാബാസ്പേട്ട് തുടങ്ങിയ സ്ഥലങ്ങള്‍ക്കായിരിക്കും പരിഗണന എന്നും അദ്ദേഹം പറഞ്ഞു. ഈ പരിഗണനകള്‍ അടുത്ത വകുപ്പുതല യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും മുഖ്യമന്ത്രിയുമായി അവലോകനം നടത്തുകയും ചെയ്യും. വിഷയം മന്ത്രിസഭാ യോഗത്തിലും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു വിമാനത്താവളം സ്ഥാപിക്കുന്നത് നിയന്ത്രിക്കുന്ന എക്സ്‌ക്ലൂസിവിറ്റി ക്ലോസ് 2032-ല്‍ അവസാനിക്കും. ഇത് 2033-ഓടെ ഒരു പുതിയ വിമാനത്താവളത്തിന്റെ സാധ്യത വികസിപ്പിക്കാന്‍ അനുവദിക്കുന്നതാണ്. ഭൂമി ഏറ്റെടുക്കുന്നതിനും ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തിനും ആവശ്യമായ സമയവും പരിഗണിച്ച് സര്‍ക്കാര്‍ ആസൂത്രണ നടപടികള്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *