ഗൾഫ് രാജ്യങ്ങളിൽ മാറ്റങ്ങൾ സംഭവിക്കുന്നത് അതിവേഗമാണ്. ജോലി, വിസ, ജീവിത നിലവാരം, ടൂറിസം എന്നീ രംഗങ്ങളിലെല്ലാം മാറ്റങ്ങൾ സംഭവിക്കുന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം സൗദി അറേബ്യയിലേക്കും ഒമാനിലേക്കും ഒരു വിസയിൽ പോകാൻ സാധിക്കുമെന്നാണ്. പുതിയ വിസ സംബന്ധിച്ച് കഴിഞ്ഞ ദിവസം വിശദമായ ചർച്ച നടന്നു.
ടൂറിസം മേഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിസ സംബന്ധിച്ച് ചർച്ച ചെയ്യുന്നത്. ഒരു വിസയിൽ തന്നെ രണ്ട് രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കുന്നത് ടൂറിസ്റ്റുകൾക്ക് വളരെ നേട്ടമാകും. ഓരോ രാജ്യങ്ങൾക്കും ഓരോ വിസ എടുക്കേണ്ടി വരുന്നത് നിലവിൽ ടൂറിസ്റ്റുകൾ നേരിടുന്ന പ്രയാസമാണ്. എന്നാൽ ഇനി മുതൽ നടപടികൾ ലളിതമാകാൻ പോകുന്നു.
ഒമാന്റെയും സൗദി അറേബ്യയുടെയും ടൂറിസം മന്ത്രിമാർ കഴിഞ്ഞ ദിവസം ചർച്ച നടത്തി. ടൂറിസം മേഖലയിൽ വരുത്താൻ സാധിക്കുന്ന മാറ്റങ്ങളാണ് ചർച്ചയിൽ വിഷയമായത്. പരസ്പരം സഹകരിച്ച് മുന്നേറിയാൽ ടൂറിസം രംഗം പരിപോഷിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രിമാർ വിലയിരുത്തി. അവിടെയാണ് ഇരുരാജ്യങ്ങളിലേക്കും ഒരു വിസ എന്ന ചർച്ച വന്നത്.
സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖാത്തിബും ഒമാൻ ടൂറിസം മന്ത്രി സലീം ബിൻ മുഹമ്മദ് അൽ മഹ്റൂരിയുമാണ് ചർച്ച നടത്തിയത്. രണ്ട് കാര്യങ്ങളാണ് ചർച്ചയിൽ ശ്രദ്ധ നേടിയത്. ഒന്ന് ഇരുരാജ്യങ്ങളിലേക്കും ഒരു വിസ മതി എന്നതാണ്. മറ്റൊന്ന് സംയുക്ത ടൂറിസം കലണ്ടർ തയ്യാറാക്കാൻ തീരുമാനിച്ചതാണ്. ടൂറിസ്റ്റുകളുടെ സൗകര്യം പരിഗണിച്ചാണ് ഇത്തരം നീക്കങ്ങൾ.
ഒരു വിസ സമ്പ്രദായം നടപ്പായാൽ തദ്ദേശീയർക്കും വിദേശികൾക്കുമെല്ലാം നേട്ടമാകും. ബിസിനസ് ആവശ്യാർഥം ഇരുരാജ്യങ്ങളും സന്ദർശിക്കാൻ ഒട്ടേറെ പ്രവാസികൾ എത്താറുണ്ട്. കൂടാതെ വിനോദ സഞ്ചാരത്തിനും. ഇവർക്ക് പ്രത്യേകം വിസ എടുക്കാതെ തന്നെ സൗദിയും ഒമാനും സന്ദർശിക്കാൻ സാധിക്കുന്ന സാഹചര്യമാണ് വരുന്നത്. ഒരുപക്ഷേ, കൂടുതൽ ജിസിസി രാജ്യങ്ങൾ ഈ വിസാ സമ്പ്രദായം നടപ്പാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.