റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായി ഡൽഹിയിൽ നടത്തിവരുന്ന സമരം ജൂൺ 15 വരെ താൽക്കാലികമായി നിർത്തിവച്ചതായി ഗുസ്തി താരം ബജ്‌റംഗ് പുനിയ അറിയിച്ചു. ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്ന് ഉറപ്പുകിട്ടിയെന്നും അന്വേഷണം 15നകം പൂർത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചു. അതുവരെ സമരം ചെയ്യില്ലെന്നും ബജ്‌റംഗ് പുനിയ അറിയിച്ചു.
കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള ഗുസ്തിക്കാരുടെ ചർച്ച അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സമരം താൽക്കാലികമായി നിർത്തിവച്ചതെന്ന് ഗുസ്തി താരങ്ങൾ അറിയിച്ചത്. ഗുസ്തി താരങ്ങളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ലൈംഗിക പീഡന കേസ് നേരിടുന്ന റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായാണ് ഗുസ്തി താരങ്ങൾ സമരം ചെയ്യുന്നത്.
സർക്കാരിന്റെ വാഗ്ദാനങ്ങൾ ചർച്ച ചെയ്ത് ഒരുമിച്ച് തീരുമാനിക്കുമെന്ന് ഒളിമ്പിക്‌സ് മെഡൽ ജേതാവ് സാക്ഷി മാലിക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘ സർക്കാർ മുന്നോട്ടുവച്ച നിർദ്ദേശം ഞങ്ങൾ മുതിർന്ന അനുയായികളുമായി ചർച്ച ചെയ്യും. നിർദ്ദേശം ശരിയാണെന്ന് എല്ലാവരും സമ്മതം അറിയിച്ചാൽ മാത്രമേ ഞങ്ങൾ ബാക്കി കാര്യങ്ങൾ തീരുമാനിക്കുകയുള്ളൂ. സർക്കാർ പറയുന്നത് എല്ലാം കേട്ട് ഞങ്ങൾ സമരം അവസാനിപ്പിക്കില്ല’- സാക്ഷി മാലിക് പറഞ്ഞു.