Uncategorized

‘ഗാസയെ രണ്ടായി മുറിച്ചു..’ ആക്രമണം തുടർന്ന് ഇസ്രായേൽ, വിജയം കാണും വരെ യുദ്ധമെന്ന് നെതന്യാഹു

ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം. ഗാസയെ രണ്ടായി വിഭജിച്ചതിന് ശേഷം പ്രധാനമായ ആക്രമണങ്ങൾ നടത്തുകയാണെന്ന് ഇസ്രായേൽ പറഞ്ഞു. ഇസ്രായേൽ സൈന്യം ഗാസ നഗരം വളഞ്ഞിരിക്കുകയാണെന്നും ഇപ്പോൾ ഒരു തെക്കൻ ഗാസയും വടക്കൻ ഗാസയും നിലവിലുണ്ട് എന്നും സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. യുദ്ധം നാളേക്ക് ഒരു മാസം തികയാനിരിക്കെയാണ് ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുന്നത്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത് എന്നാണ് റിപ്പോർട്ട്. ഇസ്രായേൽ സൈന്യം ഗാസയുടെ തീരപ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം ഗാസയിലെ മരണ സംഖ്യ 9770 ആയി ഉയർന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ നാലായിരത്തിൽ അധികം പേർ കുട്ടികളാണ് എന്നാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. ഗാസയിലെ ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ വെട്ടിക്കുറച്ചിരിക്കുകയാണ്. വാഷിംഗ്ടൺ വെടിനിർത്തലിനുള്ള ആഹ്വാനം നടത്തിയിട്ടും ഇസ്രായേൽ അത് നിരസിച്ചിരിക്കുകയാണ്. ഹമാസ് തടവിലാക്കിയ ബന്ദികളെ തിരിച്ചയക്കുന്നത് വരെ വെടിനിർത്തൽ ഉണ്ടാകില്ല എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. വടക്കൻ ഗാസയിലെ പലസ്തീൻ സിവിലിയന്മാരോട് തെക്കോട്ട് പോകണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ ലഘുലേഖകൾ വിതരണം ചെയ്യുന്നുണ്ട്. വിജയം കാണുന്നത് വരെ തങ്ങൾ യുദ്ധമുഖത്ത് തുടരുമെന്നും മറ്റ് മാർഗങ്ങൾ തങ്ങൾക്ക് മുന്നിലില്ലെന്നുമാണ് ഇസ്രായേൽ പറയുന്നത്. സൈന്യം പുറത്തുവിട്ട ദൃശ്യങ്ങളിൽ ടാങ്കുകളും കവചിത ബുൾഡോസറുകളും ഗാസ അതിർത്തികളിൽ ചീറിപ്പായുന്നത് ദൃശ്യമാണ്. അതേസമയം ഗാസ ഇപ്പോൾ ഭൂകമ്പ ബാധിത പ്രദേശത്തിന് സമാനമാണ് എന്ന് ഗാസ സിറ്റി നിവാസിയായ അലാ അബു ഹസേറ പറഞ്ഞു. ഇവിടെയുള്ള കെട്ടിടങ്ങളെല്ലാം നിലംപതിച്ചിരിക്കുകയാണ് എന്നും ഒന്നും അവശേഷിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങൾ പരിഗണിക്കാതെ ഇസ്രായേൽ വംശഹത്യ നടത്തുകയാണ് എന്ന് പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പറഞ്ഞു. ഗാസയിൽ നമ്മുടെ ഫലസ്തീൻ ജനത അനുഭവിച്ച വംശഹത്യയെയും നാശത്തെയും അബ്ബാസ് അപലപിച്ചതായി ഔദ്യോഗിക പലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് സമഗ്രമായ രാഷ്ട്രീയ പരിഹാരം കണ്ടെത്തിയാൽ മാത്രമേ ഭാവിയിൽ ഗസയിൽ പലസ്തീൻ അതോറിറ്റിക്ക് അധികാരത്തിൽ തിരിച്ചെത്താൻ കഴിയൂവെന്ന് അബ്ബാസ് പറഞ്ഞു. വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരായ തീവ്രവാദ അക്രമം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബ്ലിങ്കനും അബ്ബാസും ചർച്ച ചെയ്തതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *