സൗജന്യ റേഷൻ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയതായി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയത് വലിയ വാർത്തയായിരുന്നു. ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ പ്രഖ്യാപനം. അടുത്ത മാസത്തോടെ സൗജന്യ റേഷൻ പദ്ധതി അവസാനിക്കുകയാണ്. ഈ വേളയിലാണ് അഞ്ച് വർഷത്തേക്ക് കൂടി നീട്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കവെയാണ് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ജനങ്ങളെ ആകർഷിക്കാനുള്ള വാഗ്ദാനം മാത്രമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. നാളെയും ഈ മാസം 17നുമാണ് ഇവിടെ വോട്ടിങ്. കൂടാതെ മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുകയാണ്. അതിനിടെ ഇന്ന് കേന്ദ്രസർക്കാർ കുറഞ്ഞ വിലയ്ക്ക് ആട്ട നൽകുന്ന പദ്ധതി പ്രഖ്യാപിച്ചു. ഭാരത് ആട്ട ഇതുവരെ നൽകിയതിൽ നിന്ന് രണ്ട് രൂപ കുറച്ചു. 29.50ന് വിറ്റിരുന്ന ഭാരത് ആട്ട ഇനി മുതൽ കിലോയ്ക്ക് 27.50 രൂപയ്ക്ക് ലഭിക്കും. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ബന്ദാർ എന്നിവയുടെ ഔട്ട്ലെറ്റുകൾ മുഖേനയാണ് ഈ ആട്ട വിൽക്കുക. കേരളത്തിൽ ഈ പദ്ധതി അത്ര ഗുണം ചെയ്യില്ലെങ്കിലും ഉത്തരേന്ത്യയിലുള്ളവർക്ക് ആശ്വാസമാകും. പൊതുവിപണിയിൽ 36 മുതൽ 70 രൂപ വരെയാണ് കിലോ ആട്ടയുടെ വില. സ്ഥലത്തിനും ഗുണമേന്മയ്ക്കും അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകും. ഈ പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരംഭിച്ചത്. 29.50 രൂപയ്ക്കായിരുന്നു അന്നത്തെ വിൽപ്പന. പദ്ധതി വിജയമായപ്പോഴാണ് രണ്ട് രൂപ കുറച്ച് വിൽക്കുന്നത്. ആദ്യ ഘട്ടം വിജയകരമായതോടെ പദ്ധതി വിപുലീകരിക്കുകയാണെന്ന് പീയൂഷ് ഗോയൽ പറഞ്ഞു. മൂന്ന് ഏജൻസികൾ മുഖേന 2000 ഔട്ട്ലെറ്റിലൂടെയും 800 മൊബൈൽ വാനുകൾ വഴിയുമാണ് ഭാരത് ആട്ടയുടെ വിൽപ്പന. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് രണ്ടര ലക്ഷം ടൺ ഗോതമ്പ് കേന്ദ്ര സർക്കാർ ഏറ്റെടുത്ത് മൂന്ന് ഏജൻസികൾക്കായി നൽകുകയായിരുന്നു. കിലോയ്ക്ക് 21.50 രൂപയ്ക്കാണ് സർക്കാർ ഏറ്റെടുത്തത്. തുടർന്ന് നാഫെഡ് ഉൾപ്പെടെയുള്ള ഏജൻസികൾ ഇവ പൊടിച്ച് ഭാരത് ആട്ട എന്ന ബ്രാൻഡിൽ കിലോയ്ക്ക് 27.50ന് വിൽക്കുകയാണ്. ഒരു ലക്ഷം ടൺ ഗോതമ്പ് നാഫെഡിനും ഒരു ലക്ഷം ടൺ ഗോതമ്പ് എൻസിസിഎഫിനും ബാക്കി കേന്ദ്രീയ ബന്ദാറിനുമാണ് സർക്കാർ കൈമാറിയത്.
