വിനായക ചതുര്‍ഥി പ്രമാണിച്ച് ജില്ലയില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചതായി കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. കാസര്‍കോട് റവന്യൂ ജില്ലയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. നേരത്തേ പ്രഖ്യാപിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.
ഗണേശോത്സവം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി
ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. വിഗ്രഹങ്ങള്‍ കഴിവതും കളിമണ്ണിലുണ്ടാക്കിയവയായിരിക്കണം. പ്രകൃതിക്കും ജലസ്രോതസ്സുകള്‍ക്കും ജലാശയങ്ങള്‍ക്കും ദോഷകരമായ ഉല്‍പ്പന്നങ്ങള്‍ (പ്ലാസ്റ്റര്‍ ഓഫ് പാരിസ്, പ്ലാസ്റ്റിക്, തെര്‍മോകോള്‍) കൊണ്ട് നിര്‍മിച്ച വിഗ്രഹങ്ങള്‍ നിമജ്ജനത്തിനായി ഉപയോഗിക്കരുത്. നിമജ്ജനത്തിനു മുന്‍പ് വിഗ്രഹത്തില്‍ അണിയിച്ചിട്ടുള്ള വസ്ത്രങ്ങള്‍, മോടി പിടിപ്പിക്കാനുപയോഗിക്കുന്ന മാലകള്‍, പൂക്കള്‍, ഇലകള്‍, മറ്റു വസ്തുക്കള്‍ എന്നിവ മാറ്റേണ്ടതാണ്. നിമജ്ജനത്തിനായുള്ള വിഗ്രഹങ്ങളില്‍ അപകടകാരിയായ/ മാരകമായ/ വിഷലിപ്തമായ പെയിന്റുകള്‍/ ചായങ്ങള്‍ ഉപയോഗിക്കരുത്. നിറം നല്‍കുന്നതിന് പ്രകൃതിദത്തവും ദോഷകരമല്ലാത്തതുമായ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം. കഴിവതും ചെറിയ വിഗ്രഹങ്ങള്‍ മാത്രം നിമജ്ജനത്തിനായി ഉപയോഗിക്കണം. കിണറുകള്‍, തടാകങ്ങള്‍, നദികള്‍ എന്നീ ശുദ്ധ ജലസ്ത്രോതസ്സുകള്‍ നിമജ്ജനത്തിനായി ഉപയോഗിക്കരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കുളങ്ങള്‍ മാത്രം നിമജ്ജനത്തിനായി ഉപയോഗിക്കേണ്ടതാണ്. ഉത്സവവുമായി ബന്ധപ്പെട്ട് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കരുത്. വലിയ ശബ്ദമുള്ള പടക്കങ്ങള്‍, അധികം പുക പുറന്തള്ളുന്ന പടക്കങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.