രാജപുരം : ന്യൂന പക്ഷ വേട്ടയിലും മുൻ ജില്ലാ പ്രസിഡന്റ് ശ്രികാന്തിന്റെ ഗ്രൂപ്പിസത്തിലും പ്രതിഷേധിച്ച് ന്യൂന പക്ഷമോർച്ച മുൻ ജില്ലാ പ്രസിഡന്റും ബി ജെ പി ജില്ലാ കമ്മറ്റിയംഗവുമായ കെ വി മാത്യു പാർട്ടി വിട്ടു. രാജിക്കത്ത് ഇന്ന് രാവിലെ ബി ജെ പി ജില്ല പ്രസിഡന്റിന് അയച്ചതായും കെ വി മാത്യു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ പട്ടാളക്കാരനായ ഇദ്ദേഹം 9 വർഷമായി ബി ജെ പിയിൽ ചേർന്നിട്ട്. മൂന്ന് വർഷം പാർട്ടിയുടെ ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ആയിരുന്നു. ഇപ്പോൾ ജില്ലാ കമ്മറ്റിയംഗമായി പ്രവർത്തിച്ചുവരികയാണ്. പാർട്ടിയുടെ ന്യൂനപക്ഷ നയം വെറും കപടമാണ്. ന്യൂനപക്ഷത്തിൽ നിന്നും പാർട്ടിയിൽ വരുന്ന എത്ര കരുത്തരായ പ്രവർത്തകരെയും അംഗീകരിക്കാനും വിശ്വാസത്തിലെടുക്കാനും താഴെതട്ടുമുതൽ മേൽതട്ടുവരെ തയ്യാറല്ല. പൂർണ്ണമായ അവഗണനയും കോക്കസ്സ് പ്രവർത്തനവും മാത്രമാണ് അനുഭവം.രാമസിംഹൻ അബൂബക്കർ വരെ പാർട്ടി വിട്ടതും ഇക്കാരണങ്ങൾ കൊണ്ടാണ് കെ വി മാത്യു ചൂണ്ടിക്കാട്ടി.
ജില്ലാ ഘടകത്തിന്റെ ഗ്രൂപ്പിസവും പരിഹാസ്യ പ്രവർത്തനവും രാജിക്ക് മറ്റൊരു കാരണണമാണ്. കാസർകോട് ജില്ലാ റബർ മാർക്കറ്റിംഗ് സൊസൈറ്റിക്കെതിരെ നിക്ഷേപ തട്ടിപ്പ് കേസിൽ താൻ ചെയർമാനായി കമ്മറ്റി രുപീകരിച്ച് നടത്തിയ സമരത്തിൽ സജീവമായി ഇടപെടാമെന്ന ബി ജെ പി സംസ്ഥാന കമ്മറ്റിയുടേയും ജില്ലാ പ്രസിഡന്റിന്റെയും വാക്ക് വിശ്വസിച്ച് നിക്ഷേപകരെ മുൻനിർത്തി തന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ നിന്നും പാർട്ടി പൊടുന്നനെ പിൻതിരിയുകയും ചതിയിൽപെട്ട കർഷകരെ അവഗണിക്കുകയുമാണുണ്ടായത്. ഇത് തനിക്ക് ഉൾക്കൊളളാൻ കഴിഞ്ഞിട്ടില്ലെന്നും കെ വി മാത്യു പറഞ്ഞു.
വെളളരിക്കുണ്ട് താലൂക്കിൽ നിന്നുളള കർഷക മോർച്ച ജില്ലാ നേതാവ് ബളാൽ കുഞ്ഞിക്കണ്ണന്റെ പ്രവർത്തനത്തോടുളള കടുത്ത എതിർപ്പ് വ്യാപകമായി നിലനിൽക്കുന്നതിനാൽ വെളളരിക്കുണ്ട് താലൂക്ക് ഉൾപെട്ട മലയോര മേഖലയിൽ ചുമതലയുളളവരോ പ്രവർത്തകരോ സംഘടനാ പ്രവർത്തനത്തിന് മുന്നോട്ടു വരാത്തത് അടുത്തകാലത്തൊന്നും പാർട്ടി ഇവിടെ പ്രവർത്തന സജ്ജമാകില്ലെന്നുറപ്പുളളതുകൊണ്ടാണ്. പാർട്ടിയുടെ പൂർണ്ണപിൻതുണയോടെ നടന്ന സമരത്തിൽ പാർട്ടി കൊടി കെട്ടുന്നത് തടയാനും പ്രവർത്തകരെ അക്രമിക്കാനും കുഞ്ഞിക്കണ്ണന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായതായും ഇയാൾക്കെതിരെ തെളിവുസഹിതം 30 ഓളം പരാതികൾ ജില്ലാ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
ഏരെ പ്രതീക്ഷയോടെ പാർട്ടി ആദ്യമായി രുപീകരിച്ച വെളളരിക്കുണ്ട് മണ്ഡലത്തിൽ പ്രഥമ പ്രസിഡന്റ് സംഘടനാ പ്രവർത്തനം തന്നെ ഉപേക്ഷിച്ചതും പ്രസ്ഥാനത്തിലെ തമ്മിൽ തല്ല് രൂക്ഷമായതിനാലാണ്. പകരം പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാൻ പോലും പാർട്ടിക്കായില്ല. പാർട്ടി കളളാർ പഞ്ചായത്ത് കമ്മറ്റിയിലെ ഒരു സെക്രട്ടറിയുടെ ഒഴിവ് നികത്താൻ പോലും ത്രാണിയില്ലാത്ത അവസ്ഥ. കുഞ്ഞിക്കണ്ണനും ശ്രീകാന്തും ചേർന്നു നടത്തുന്ന ഗ്രൂപ്പിസത്തിന്റെ ഫലമാണിങ്ങനെ. ഇതിൽ പ്രതികരിക്കാൻ കഴിയാതെ തന്ത്രിയും കൂട്ടരും നിസ്സഹായരാകുന്നതും നേരിട്ട് ബോധ്യപെട്ടതിനാൽ ഈ പ്രസ്ഥാനത്തിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് തിരിച്ചറിഞ്ഞതിനാൽ രാജിവെച്ചതായും പ്രവർത്തന സ്വാതന്ത്രമുളള മറ്റൊരു മതേതര ജനാധിപത്യ പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായും കെ വി മാത്യു പറഞ്ഞു. അതിർത്തിയിൽ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ഉടൻ പരിഹാരമുണ്ടാക്കുന്ന പ്രധാനമന്ത്രി മണിപ്പൂരിലെ ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെ ഒരു വാക്കു പോലും പറയാത്തത് ആർ എസ് എസിന്റെ അജണ്ടയുടെ ഭാഗമാണ്. റബറിന് 300 രൂപയാക്കിയാൽ ബി ജെ പിക്ക് ഒരു എം പി യെ തരാമെന്ന് മാർ.പാംപ്ലാനിയുടെ പ്രഖ്യാപനം വന്നയുടൻ ബിഷപ്പ് ഹൗസിന്റെ തിണ്ണനിരങ്ങിയ ബി ജെ പി നേതാക്കൾ പക്ഷേ മണിപ്പൂർ സംഭവത്തിൽ ഒരു ഖേദം പ്രകടിപ്പിക്കാൻ പോലും ആ വഴിക്ക് പോയില്ലെന്നും മാത്യു കുറ്റപ്പെടുത്തി. ഇക്കാരണങ്ങൾകൊണ്ട് തന്നെ തനിക്ക് പുറകെ നിരവധി പേർ പാർട്ടി വിടുമെന്നും മാത്യു കൂട്ടിചേർത്തു.
