KERALA NEWS

വിലക്ക് ലംഘിച്ച് കേരളീയത്തിൽ പങ്കെടുത്ത് മണിശങ്കർ അയ്യർ

കോൺഗ്രസിന്റെ വിലക്ക് ലംഘിച്ച് മുൻ മന്ത്രി കൂടിയായ മണിശങ്കർ അയ്യർ കേരളീയം പരിപാടിയിൽ പങ്കെടുത്തു. കേരളീയത്തിന്റെ ഭാഗമായുള്ള തദ്ദേശ സ്വയംഭരണ സെമിനാറിലാണ് അദ്ദേഹം പങ്കെടുത്തത്. സംസ്ഥാന കോൺഗ്രസും, യുഡിഎഫും ബഹിഷ്‌കരിച്ച പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തിരിക്കുന്നത്. പിണറായി വിജയനോടുള്ള ബഹുമാനാർത്ഥമല്ല, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടുള്ള ബഹുമാന സൂചകമായിട്ടാണ് കേരളീയത്തിലെത്തിയതെന്നും മണിശങ്കർ അയ്യർ പറഞ്ഞു. അതേസമയം കേരളത്തീയത്തിൽ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതിന് ശേഷമാണ് പഞ്ചായത്ത് രാജ് ബില്ല് വന്നതും, അധികാര വികേന്ദ്രീകരണത്തിന് തുടക്കമിട്ടതും. അതിദാരിദ്ര്യം തുടച്ചുനീക്കലാണ് പഞ്ചായത്തീരാജിന്റെ അടിസ്ഥാന ആശയം. പഞ്ചായത്തീരാജിന്റെ വിജയം കേരളത്തിന്റെ ജനങ്ങളുടേതാണ്. ഈ വിജയം കേരളത്തിലെ എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ അവകാശപ്പെട്ടതാണ്. അവസാന നിമിഷം മാത്രമാണ് കേരളീയത്തോടുള്ള യുഡിഎഫിന്റെ എതിർപ്പും വിലക്കുമറിയിച്ചത്. കേരളീയം വേദിയെ രാഷ്ട്രീയമായി കാണുന്നില്ല. പഞ്ചായത്തീരാജുമായി ബന്ധപ്പെട്ട സെമിനാറായതിനാലാണ് പങ്കെടുക്കാനെത്തിയത്. കോൺഗ്രസ് നേതൃത്വം തനിക്കെതിരെ നടപടിയെടുക്കുകയാണെങ്കിൽ എടുത്തോട്ടെയെന്നും അദ്ദേഹം പരോക്ഷമായി വ്യക്തമാക്കി. നേരത്തെ സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടി ധൂർത്താണെന്ന് ആരോപിച്ചിരുന്നു ബഹിഷ്‌കരിക്കാൻ കോൺഗ്രസ് പാർട്ടി നേതാക്കളോട് അടക്കം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് അതിദാരിദ്ര്യം തുടച്ചുനീക്കലാണ് പഞ്ചായത്തീരാജ് ലക്ഷ്യമിടുന്നതെന്ന അഡീഷണൽചീഫ് സെക്രട്ടറിയുടെ വാക്കുകൾ സന്തോഷം പകരുന്നതാണ്. ആ ലക്ഷ്യം കൈവരിക്കുന്നതിലൂടെ കേരളത്തിൽ ഒരാൾ പോലും അതിദാരിദ്ര്യാവസ്ഥയിൽ ഉണ്ടാവില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ പഞ്ചായത്ത് ഭരണ സംവിധാനം മികച്ചതാണ്. കർണാടകയിലും അത് നല്ല രീതിയിൽ നടക്കുന്നുണ്ട്. അവിടെയുള്ള കാര്യങ്ങളും കേരളം മനസിലാക്കണമെന്നും മണിശങ്കർ ആവശ്യപ്പെട്ടു. ചടങ്ങിൽ എംബി രാജേഷ്, മുൻ ധനമന്ത്രി തോമസ് ഐസക്ക് പോലുള്ളവരും സംസാരിച്ചിരുന്നു. അതേസമയം മണിശങ്കർ അയ്യർ കേരളീയം പരിപാടിയിൽ പങ്കെടുത്തത് പാർട്ടിയെ ധിക്കരിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഐസിസിയെ ഇക്കാര്യത്തിൽ പരാതി അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *