KERALA NEWS

മന്ത്രിസഭ പുനഃസംഘടിപ്പിക്കും; എൽഡിഎഫ് യോഗം ഈ മാസം പത്തിന് കേരളാ കോൺഗ്രസ് ( ബി) കത്ത് നൽകി

രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണം എന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ( ബി) എൽ ഡി എഫ് മുന്നണി നേതൃത്വത്തിന് കത്ത് നൽകി. നവകേരള സദസ്സിന് മുമ്പ് പുനഃസംഘടന വേണമെന്നാണ് ഗണേഷ് കുമാർ വിഭാഗത്തിന്റെ ആവശ്യം. കേരള കോൺഗ്രസ് ബി ജനറൽ സെക്രട്ടറി വേണുഗോപാൽ നായരാണ് കത്ത് നൽകിയത്.മുൻ ധാരണ പ്രകാരം ഗണേഷിന് നവംബറിൽ മന്ത്രിസ്ഥാനം കിട്ടും എന്നാണ് കേരള കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ടര വർഷം കെ കൃഷ്ണൻ കുട്ടി, ആന്റണി രാജു, എന്നിവർക്കും രണ്ടാമത്തെ രണ്ടര വർഷം ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം നൽകുമെന്നാണ് എൽ ഡി എഫ് നേതൃത്വം നേരത്തെ നൽകിയ ഉറപ്പ്. നവംബറിൽ സർക്കാർ രണ്ടര വർഷം പൂർത്തിയാകും വരെ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കത്ത് നൽകാതിരുന്നത് പാർട്ടിയിലെ ധാരണ പ്രകാരമാണ്. സമയം പരിധി തീരാറായതോടെയാണ് ഔദ്യോഗികമായി ഗണേഷും പാർട്ടിയും നീങ്ങിയത്. അതേസമയം, എൽ ഡി എഫ് യോഗം ഈ മാസം പത്തിന് ചേരും. മന്ത്രിസഭ പുനഃ സംഘടന ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും, നവകേരള സദസ്സിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പുനഃ സംഘടനയ്‌ക്കെതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു. എം എം ഹസ്സനും കെ മുരളീധരനുമാണ് വിമർശനവുമായി രംഗത്ത് വന്നിരുന്നത്. ഗണേഷ് കുമാറിനെ പോലുള്ള സാധനത്തെ പിടിച്ച് നിയമസഭയിൽ വെച്ചാല് മുഖം മിനുങ്ങുകയല്ല കെടുകയാണ് ചെയ്യുക എന്നായിരുന്നു പ്രതികരണം. മച്ചിപ്പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയാൽ പ്രസവിക്കില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *