തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മണ്ഡലങ്ങളിൽ സജീമാകാൻ എംപിമാർക്ക്് കോൺഗ്രസ് നിർദേശം. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന്റേതാണ് നിർദേശം. നേതാക്കൾ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പൊതു വികാരമുണ്ട്. അതേസമയം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കേരള യാത്ര നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതും രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനമാണ്. ജനുവരിയിലാണ് കേരള യാത്ര ആരംഭിക്കുക. സംസ്ഥാന സർക്കാരിന്റെ ജനസദസിനെ നേരിടുന്ന പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ നേതൃത്വത്തിലാണ് രാഷ്ട്രീയകാര്യ സമിതി യോഗം നടന്നത്. കർണാടക പിടിക്കാൻ കോൺഗ്രസിനെ സഹായിച്ച തന്ത്രജ്ഞനാണ് കനുഗോലു. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാൻ കൂടിയാണ് കനുഗോലുവിനെ കൊണ്ടുവന്നിരിക്കുന്നത്. നാല് ഘട്ട പ്രചാരണ രീതികൾക്ക് രൂപം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പ്രചാരണ രീതികളും യോഗത്തിൽ വിശദീകരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കഴിയുന്ന സമരങ്ങൾ ശക്തമാക്കാനാണ് നിർദേശം. മണ്ഡലം പുനസംഘടന വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനിച്ചു. അതേസമയം പാർട്ടിക്കുള്ളിലും നേതാക്കൾക്കിടയിലും ഭിന്നത പാടില്ലെന്നും, ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നുമാണ് യോഗത്തിലെ പ്രധാന നിർദേശം. കനുഗോലുവിന്റെ രീതികൾ പ്രകാരമാണ് കോൺഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുക. നാളെ മുതൽ മണ്ഡലങ്ങളിൽ എംപിമാർ നിറഞ്ഞ് നിൽക്കാനാണ് നിർദേശം. മണ്ഡലത്തിലെ ഒരു പരിപാടിയും ഒഴിവാക്കേണ്ടെന്നാണ് നിർദേശം. സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുകയും, കേന്ദ്രത്തിന്റെ നയങ്ങളെ നേരിടുകയും വേണമെന്നാണ് നിർദേശം.
ആരാണ് സുനിൽ കനുഗോലു
കർണാടകയിൽ കോൺഗ്രസിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത് സുനിൽ കനുഗോലുവാണ്. വളരെ നിശബ്ദനായി പ്രവർത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തന്ത്രമൊരുക്കുക കനുഗോലുവാണ്. കർണാടകയിലെ ബെല്ലാരിയിലാണ് അദ്ദേഹം ജനിച്ചത്. ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ എന്നിവർക്കായി കനുഗോലു തന്ത്രമൊരുക്കിയിട്ടുണ്ട്. തമിഴ് അഭിമാന രാഷ്ട്രീയത്തെ വളർത്തിയെടുക്കുന്നതിൽ കനുഗോലുവിന്റെ പങ്ക് വളരെ വലുതാണ്. പ്രശാന്ത് കിഷോർ വരില്ലെന്ന് ഉറപ്പായതോടെയാണ് കനുഗോലുവിനെ കോൺഗ്രസ് പാർട്ടിയിലേക്ക് കൊണ്ടുവന്നത്. തെലങ്കാനയിൽ അടക്കം പാർട്ടിക്കായി അദ്ദേഹം തന്ത്രമൊരുക്കും. എക്സിറ്റ് പോളുകളിൽ ഇവിടെയും കോൺഗ്രസ് മുൻതൂക്കം പുലർത്തുന്നുണ്ട്.