ന്യൂഡൽഹി : എന്തൊക്കെ സംഭവിച്ചാലും, താൻ ചെയ്യേണ്ട കടമയിൽ മാറ്റമുണ്ടാകില്ലെന്ന് രാഹുൽ ഗാന്ധി. അയോഗ്യതാ വിധിക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തതിന് ശേഷം പ്രതികരിക്കുകയായിരുന്നു രാഹുൽ. ഇന്ത്യയെ സംരക്ഷിക്കുകയാണ് എന്റെ കടമയെന്നും രാഹുൽ പറഞ്ഞു. അതേസമയം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ലോക്സഭാ സ്പീക്കർക്ക് കോൺഗ്രസ് കത്തെഴുതും.രാഹുലിന്റെ അയോഗ്യത പിൻവലിക്കുന്നതിന് വേണ്ടിയാണിത്. വിധിക്ക് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ പാർട്ടി ആസ്ഥാനത്ത് വലിയ ആഘോഷത്തിലാണ്. ഇതിനിടെ രാഹുൽ കോൺഗ്രസ് ആസ്ഥാനത്തെത്തുകയും ചെയ്തു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സുപ്രീം കോടതി വിധിയിൽ പ്രതികരിച്ചു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്, അതുപോലെ തന്നെ ഭരണഘടനയുടേയും എന്ന് ഖാർഗെ പറഞ്ഞു. കാത്തിരുന്ന് കണ്ടോളൂ, രാഹുൽ ഗാന്ധി ഒരു മാന്ത്രികനായി മാറുമെന്ന് പവൻ ഖേര പ്രതികരിച്ചു. ഞങ്ങളിലാകെ ഊർജം നിറച്ചിരിക്കുകയാണ്. നീതിയിലാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. അത് സംഭവിച്ചിരിക്കുകയാണ്. ഇനിയാണ് പലതും സംഭവിക്കുക. രാഹുൽ ഒരു മാന്ത്രികനെ പോലെ മാറും. സത്യം എന്നും വിജയിക്കും. ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇന്ന് വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണെന്ന് പവൻ ഖേര വ്യക്തമാക്കി. കോടതി വിധി സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു. ഔദ്യോഗിക ബംഗ്ലാവ് ഒഴിയാൻ ഒരു മാസത്തെ സമയം പോലും രാഹുലിന് നൽകിയിരുന്നില്ല. രാഹുലിനെ ശിക്ഷിച്ച കോടതി വിധി തെറ്റായിരുന്നുവെന്നാണ് സുപ്രീം കോടതി പറഞ്ഞത്. സത്യമാണ് വിജയിച്ചിരിക്കുന്നതെന്നും തിവാരി പറഞ്ഞു.ഞാൻ സഞ്ചരിക്കേണ്ട ദിശ ഏതാണെന്ന കാര്യത്തിൽ വ്യക്തതയുണ്ട്. എന്റെ മനസ്സിൽ അതേ കുറിച്ചുള്ള ധാരണയുണ്ട്. എന്റെ പ്രവർത്തനം എന്താണെന്നും അറിയാം. തന്നെ സഹായിച്ച ആളുകളോട് നന്ദി പറയുന്നു. ജനങ്ങളുടെ പിന്തുണയ്ക്കും, സ്നേഹത്തിനും ഒരുപാട് നന്ദി എന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം സുപ്രീം കോടതി വിധിയോടെ രാഹുലിന്റെ പാർലമെന്റ് അംഗത്വം തിരിച്ചുകിട്ടും. തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യാം. ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി സ്പീക്കർ ഓം ബിർളയെ കണ്ട് സുപ്രീം കോടതി വിധിയെ കുറിച്ച് സംസാരിച്ചു. രാഹുലിന്റെ അംഗത്വം പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും ചൗധരി ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ വിധിയുടെ പകർപ്പ് ലഭിച്ചതിന് ശേഷം നടപടിയെടുക്കാമെന്ന് സ്പീക്കർ ചൗധരിയെ അറിയിച്ചിട്ടുണ്ട്.
