പൊതുവിദ്യാലങ്ങളില്‍ 25 ശനിയാഴ്ചകള്‍ പ്രവര്‍ത്തിദിവസമാക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല.നേരത്തെ പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടര്‍ കോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പരിഷ്‌കരിക്കും.
220 പ്രവര്‍ത്തിദിനങ്ങള്‍ ഉറപ്പാക്കുന്നതിനാണ് അധിക ശനിയാഴ്ച്ചകള്‍ പ്രവര്‍ത്തിദിനമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര സമയം അനുവദിക്കാത്തതാണ് കലണ്ടര്‍ എന്നായിരുന്നു സംഘടനകളുടെയും മറ്റും ആക്ഷേപം. ഇതാണ് കോടതിയും നിരീക്ഷിച്ചത്.നയപരമായ തീരുമാനം എന്ന നിലയില്‍ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്ത തീരുമാനിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. സ്വകാര്യ മാനേജ്മെന്റിന്റെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി നേരത്തെ 220 പ്രവര്‍ത്തിദിനങ്ങള്‍ നിര്‍ദേശിച്ച് ഉത്തരവിറക്കിയിരുന്നത്. ഇതിനെതിരെ കെപിഎസ്ടിഎ, കെഎസ്ടിയു എന്നീ സംഘടനകളും പാലക്കാട് സ്വദേശികളായ വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്.