LOCAL NEWS

മണ്‍ റോഡ് തോടായി : റാണിപുരം കുറത്തിപ്പതിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് യാത്ര ദുഷ്‌ക്കരം

പാണത്തൂര്‍ : കനത്ത മഴയില്‍ മണ്‍റോഡ് ഒലിച്ചുപോയതോടെ കാല്‍നട യാത്ര പോലും പറ്റാതെ ദുരിതമനുഭവിക്കുകയാണ് റാണിപുരം കുറത്തിപ്പതിയിലെ ആദിവാസി കുടുംബങ്ങള്‍. 2014-15 വര്‍ഷത്തില്‍ ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റിന്റെ കാലത്ത് ആശിച്ച ഭൂമി പദ്ധതിയില്‍ പെടുത്തി ഭൂമി ലഭിച്ച മാവില,മലവേട്ടുവ വിഭാഗങ്ങളില്‍ പെട്ട 8 ഓളം കുടുംബങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന റോഡാണ് ശക്തമായ മഴയത്ത് വെള്ളം കുത്തിയൊഴുകി റോഡില്‍ ആറ് അടിയോളം അഴത്തില്‍ ഗര്‍ത്തമായി കാല്‍ നടയാത്ര പോലും ദുസ്സഹമായതോടെ ദുരിതമനുഭവിക്കുന്നത്. ആകെ 8 കുടുംബങ്ങള്‍ക്കാണ് ആശിക്കും ഭൂമി പദ്ധതി പ്രകാരം ഇവിടെ ഭൂമി ലഭിച്ചത്. ഇതോടൊപ്പം ഇവര്‍ക്കും വീടും കൂടി നല്‍കും എന്ന് ഗവണ്‍മെന്റ് പറഞ്ഞിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇവരില്‍ രണ്ട് കുടുംബങ്ങള്‍ക്ക് മാത്രമാണ് വീട് അനുവദിച്ചു കിട്ടിയത്. തുടര്‍ന്ന് ഒരു കുടുംബത്തിന് കൂടി വീടിന് അനുമതിയായെങ്കിലും ഇത് തറയില്‍ ഒതുങ്ങുകയായിരുന്നു. മഴക്കാലമായതിനാല്‍ ഇവിടേക്ക് നിര്‍മ്മാണ വസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ അടുത്ത ഗഡു ഫണ്ട് ലഭിച്ചാല്‍ പോലും മഴക്കാലം കഴിഞ്ഞാല്‍ മാത്രമേ നിര്‍മ്മാണം സാധ്യമാകു. ആദ്യ കാലങ്ങളില്‍ ഇവിടെ കുടില്‍ കെട്ടി താമസം തുടങ്ങിയ കുടുംബങ്ങളില്‍ പലരും മെച്ചപ്പെട്ട വീടും, ഗതാഗത സൗകര്യവും ഇല്ലാത്തതിനാല്‍ പാണത്തൂരിനടുത്ത ബാപ്പുംകയത്തെ ബന്ധുവീടുകളിലാണ് ഇപ്പോള്‍ താമസം. ഇവരുടെയെല്ലാം കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും ബന്ധുവീടുകളില്‍ നിന്നാണ്. പാണത്തൂര്‍ റാണിപുരം റോഡില്‍
കുറത്തിപ്പതിയില്‍ നിന്ന് 350 ഓളം മീറ്റര്‍ ദൂരമാണ് ഇവരുടെ താമസ സ്ഥലത്തേക്കുള്ളത്. നിലവില്‍ ഇവിടുത്തേക്ക് 3 മീറ്റര്‍ വീതിയുള്ള മണ്‍ റോഡാണുള്ളത്. റോഡ് പഞ്ചായത്ത് ഏറ്റെടുത്ത് വര്‍ഷങ്ങളായെങ്കിലും ണണ്‍റോഡിന് മാറ്റമുണ്ടായിട്ടില്ല. ഇവിടെ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ രോഗിയെ എടുത്ത് കൊണ്ട് പോകാന്‍ പോലും സാധിക്കാത്ത വിധം ദുരിതമാണിവിടുത്തെ സ്ഥിതി.

Leave a Reply

Your email address will not be published. Required fields are marked *