അമ്പലത്തറ : മുട്ടിച്ചരലിലെ അലീമയുടെ കുടുംബത്തിന് ഭക്ഷണ സാധനങ്ങളും അത്യാവശ്യ വീട്ടുസാധനങ്ങളും എത്തിച്ചു കൊടുത്ത് കോടോം. ബേളൂർ ഗ്രാമപഞ്ചായത്ത്. കോടോം. ബേളൂർ ഗ്രാമപഞ്ചായത്തിലെ മുട്ടിച്ചരൽ എന്ന സ്ഥലത്താണ് അലീമയും കുടുംബവും താമസിക്കുന്നത്. കണ്ണിന് കാഴ്ചയില്ലാത്ത ഭർത്താവിനെയും മൂന്ന് പെൺ മക്കളെയും കൊണ്ട് അനുഭവിക്കുന്ന കഷ്ടപ്പാടുകൾ പറയാനാണ് ഇന്നലെ താലൂക്ക് തല അദാലത്തിൽ അലീമ മന്ത്രിയെ കാണാനെത്തിയത്. മൂന്ന് പെൺമക്കളിൽ ഒരാൾ മാനസിക വിഭ്രാന്തിയുള്ള കുട്ടിയാണ്. ഒരു നേരം വയറ് നിറച്ച് ആഹാരം കഴിക്കാൻ വരെ ബുദ്ധിമുട്ട് അനുഭവഭിക്കുന്ന അലീമയ്ക്ക് ആഹാരസാധനങ്ങളും മറ്റും വീട്ടിലേക്കെത്തിക്കാമെന്നും, പഞ്ചായത്തിന്റെ അതിദരിദ്ര്യ പട്ടികയിൽ അലീമയെ ഉൾപ്പെടുത്തുമെന്നും കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ മന്ത്രിക്ക് ഉറപ്പ് നൽകിയതിനെ തുടർന്ന് ഇന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി, വൈസ് പ്രസിഡണ്ട് പി ദാമോദരൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയപേഴ്‌സൺ ജയശ്രീ എൻ എസ് , പഞ്ചായത്ത് ജീവനക്കാരി പ്രസീത.ടി തുടങ്ങിയവർ കുടുംബത്തെ സന്ദർശിക്കുകയും, ഭക്ഷണ സാധനങ്ങളും, വീട്ടിലേക്ക് വേണ്ട ,മറ്റ് അത്യാവശ്യ സാധനങ്ങളും എത്തിച്ച് നൽകുകയും ചെയ്തു. ഒരിക്കലും പട്ടിണി കിടക്കേണ്ടി വരില്ലെന്ന ഉറപ്പ് നൽകിയാണ് പ്രസിഡണ്ടും മറ്റുള്ളവരും തിരിച്ചുവന്നത്.
