വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതിലൂടെ രാജ്യത്തിനും കേരളത്തിനും സാമ്പത്തികമായി വലിയ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി. അനന്തപത്മനാഭന്റെ മണ്ണിലേക്ക് വരാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. 8800 കോടി രൂപ മുതല്‍ മുടക്കിയാണ് ഈ തുറമുഖം സ്ഥാപിച്ചത്. തുറമുഖത്തിന്റെ ട്രാന്‍ഷിപ്‌മെന്റ് ശേഷി വരും കാലങ്ങളില്‍ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയായി വര്‍ധിപ്പിക്കും. അതിലൂടെ ലോകത്തുള്ള വലിയ ചരക്ക് കപ്പലുകള്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. ഇതുവരെ 75 ശതമാനം ട്രാന്‍ഷിപ്‌മെന്റുകള്‍ ഭാരതത്തിന് പുറത്തുള്ള പോര്‍ട്ടുകളിലാണ് നിലനിന്നിരുന്നത്. ഇതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു. ഈ സാഹചര്യത്തിന് ഇനി മാറ്റമുണ്ടാകും. രാജ്യത്തിന്റെ പൈസ നമുക്ക് തന്നെ പ്രയോജപ്പെടാന്‍ പോകുകയാണ്. പുറത്തേക്ക് ഒഴികിയിരുന്ന പണം കേരളത്തിനും വിഴിഞ്ഞം തുറുഖത്തിനും അതിലൂടെ ജനങ്ങള്‍ക്കും പുതിയ സാമ്പത്തിക സ്ഥിരത കെട്ടിപ്പടുക്കുന്നതിന് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേരളം സമുദ്ര വ്യാപാരത്തിന്റെ കേന്ദ്രമായി മാറും. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒന്നിച്ച് പ്രവര്‍ത്തിക്കും. നമുക്ക് സംയുക്തമായി വികസിത കേരളം നിര്‍മിക്കാം. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. തുറമുഖ നഗരങ്ങള്‍ വികസിത ഭാരതത്തിന്റെ നിര്‍ണായക കേന്ദ്രങ്ങളാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് കേന്ദ്രം വിഴിഞ്ഞം തുറമുഖ വികസനം യാഥാര്‍ഥ്യമാക്കി. പിണറായി വിജയനും ശശി തരൂരും ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളാണ്. ഇന്നത്തെ പരിപാടി ഇന്ത്യ സഖ്യത്തിലെ പലര്‍ക്കും ഉറക്കം നഷ്ടപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.