ടെഹ്റാന്‍ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യന്‍ മേഖല അനിയന്ത്രിതമായ യുദ്ധത്തിലേക്ക് കൂപ്പുകുത്തുന്നു. അമേരിക്കയും ഇസ്‌റാഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങളില്‍ ഖാംനഈ ഉള്‍പ്പെടെ 555 പേര്‍ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 131 കൗണ്ടികളിലായി ഇസ്‌റാഈല്‍ ബോംബാക്രമണം തുടരുകയാണ്. ഇതിന് പ്രതികാരമായി ഗള്‍ഫ് മേഖലയിലുടനീളമുള്ള അമേരിക്കന്‍ താവളങ്ങള്‍ക്കും ഇസ്‌റാഈല്‍ അനുകൂല രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.
ആണവനിലയങ്ങള്‍ക്ക് നേരെ ആക്രമണം
ഇറാന്റെ ഏറ്റവും വലിയ ആണവ കേന്ദ്രമായ നടാന്‍സിലെ (Natanz) പ്ലാന്റിന് നേരെ ഞായറാഴ്ച അമേരിക്കയും ഇസ്‌റാഈലും ആക്രമണം നടത്തിയതായി ഐ എ ഇ എയിലെ ഇറാന്റെ പ്രതിനിധി റെസ നജാഫി സ്ഥിരീകരിച്ചു. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആണവനിലയങ്ങളെയാണ് ശത്രുക്കള്‍ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാല്‍, ഇറാന്റെ ആണവ അതോറിറ്റിയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും നിലയങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നുമാണ് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (IAEA) മേധാവി റാഫേല്‍ ഗ്രോസി അറിയിച്ചത്.
ഇറാന്‍ നേതൃത്വത്തിന് കനത്ത പ്രഹരം
യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇറാന്റെ ഇന്റലിജന്‍സ് വിഭാഗത്തിലെ രണ്ട് കരുത്തരായ ഉദ്യോഗസ്ഥരെ വധിച്ചതായി ഇസ്‌റാഈല്‍ അവകാശപ്പെട്ടു. ഇന്റലിജന്‍സ് ഡെപ്യൂട്ടി മിനിസ്റ്റര്‍ സയ്യിദ് യഹ്യ ഹമീദി, ചാരവൃത്തി വിഭാഗം തലവന്‍ ജലാല്‍ പൂര്‍ ഹുസൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്‌റാഈലിനെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ഇവരാണെന്നാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ വാദം.
ഇതിന് പുറമെ ഖുറമാബാദില്‍ നടന്ന അമേരിക്കന്‍ ആക്രമണത്തില്‍ അഞ്ച് ഇറാന്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു. ടെഹ്റാനിന്റെ ഹൃദയഭാഗത്താണ് ഇപ്പോള്‍ ആക്രമണം നടക്കുന്നതെന്ന് ഇസ്‌റാഈല്‍ സൈന്യം വ്യക്തമാക്കി.
മജീദ് ഇബ്‌നുല്‍റേസ ഇറാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രി
അമേരിക്കയും ഇസ്‌റാഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ പ്രതിരോധ മന്ത്രി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പുതിയ ആക്ടിംഗ് പ്രതിരോധ മന്ത്രിയെ നിയമിച്ച് ഇറാന്‍. റെവല്യൂഷണറി ഗാര്‍ഡ് ജനറല്‍ മജീദ് ഇബ്‌നുല്‍റേസയെയാണ് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പുതിയ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി നിയമിച്ചത്. പ്രസിഡന്‍ഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ഡെപ്യൂട്ടി മെഹ്ദി തബതബഈ ആണ് എക്‌സിലൂടെ നിയമന വിവരം പുറത്തുവിട്ടത്. ഇറാന്റെ മുന്‍ പ്രതിരോധ മന്ത്രി അസീസ് നാസിര്‍സാദെ കഴിഞ്ഞദിവസം നടന്ന മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് അയച്ച ഡ്രോണുകളും മിസൈലുകളും അയല്‍രാജ്യങ്ങളിലെ സമാധാന അന്തരീക്ഷം തകര്‍ത്തു. സൗദി അറേബ്യ അറേബ്യയിലെ ദമ്മാമിന് സമീപമുള്ള പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയായ റാസ് തനൂറയ്ക്ക് (Ras Tanura) നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. വെടിവെച്ചിട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് റിഫൈനറിയില്‍ വന്‍ തീപിടുത്തമുണ്ടായതിനെത്തുടര്‍ന്ന് പ്ലാന്റ് താല്‍ക്കാലികമായി അടച്ചുപൂട്ടി.മുന്‍കരുതല്‍ നടപടിയായാണ് പ്ലാന്റുകള്‍ അടച്ചതെന്നും പ്രാദേശിക വിപണിയിലേക്കുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണത്തെ
ഇത് ബാധിക്കില്ലെന്നും സൗദി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.
യു എ ഇയിലെ അബുദാബിയിലെ ഐ സി എ ഡിയിലുള്ള വെയര്‍ഹൗസിലും മുസഫയിലെ ഒരു വാണിജ്യ സ്ഥാപനത്തിലും ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചു. റാസല്‍ഖൈമയിലെ അല്‍ ഹംറ ഗ്രാമത്തിലും സമാനമായ രീതിയില്‍ ഡ്രോണ്‍ ഭാഗങ്ങള്‍ വീണെങ്കിലും ആളപായമില്ല.
സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ദുബൈയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബല്‍ വില്ലേജ് ഇന്ന് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തീരുമാനമെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ഗ്ലോബല്‍ വില്ലേജ് മാനേജ്മെന്റ് വ്യക്തമാക്കി.
ഖത്തറിലെ ദോഹ രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെയുള്ള സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈലുകള്‍ തൊടുത്തതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. ഇറാന്‍ വിക്ഷേപിച്ച രണ്ട് ഡ്രോണുകള്‍ ഖത്തറിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ പതിച്ചു. മിസൈദ് പവര്‍ പ്ലാന്റിലെ വാട്ടര്‍ ടാങ്കിന് നേരെയും റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഖത്തര്‍ എനര്‍ജിയുടെ സ്ഥാപനത്തിന് നേരെയുമാണ് ആക്രമണം ഉണ്ടായതെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ ആളപായമില്ല. നാശനഷ്ടങ്ങള്‍ അധികൃതര്‍ വിലയിരുത്തി വരികയാണ്.
പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ മാത്രം പാലിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം ആക്രമണങ്ങളെ ശക്തമായി നേരിടുമെന്നും ഖത്തര്‍ വ്യക്തമാക്കി.





