KERALA NEWS

കിറ്റെന്ന് കേൾക്കുമ്പോൾ ചിലർക്ക് പേടി; കേന്ദ്രം കേരളത്തോട് പകപോക്കുകയാണെന്ന് മുഖ്യമന്ത്രി

കോട്ടയം: പുതുപ്പള്ളിയിൽ കേന്ദ്ര സർക്കാരിനെയും യുഡിഎഫിനെയും ഒരുപോലെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർക്ക് കിറ്റെന്ന് കേൾക്കുമ്പോൾ ഭയമാണ്. സംസ്ഥാനത്ത് ആറ് ലക്ഷത്തിൽ അധികം ഓണക്കിറ്റുകൾ നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. കിറ്റെന്ന് കേൾക്കുമ്പോൾ തന്നെ ഇക്കൂട്ടർക്ക് ഭയമാണെന്നും പുതുപ്പള്ളിയിലെ പ്രചാരണത്തിൽ പിണറായി പറഞ്ഞു. അതേസമയം കേരളത്തിനോട് കേന്ദ്ര സർക്കാരിന് അവഗണനയും പകപോക്കലുമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ മാസപ്പടി വിഷയത്തിൽ അദ്ദേഹം മൗനം തുടർന്നു. സർക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച്ചാണ് അദ്ദേഹം പുതുപ്പള്ളിയിൽ സംസാരിച്ചത്. ഓണത്തിനെ കുറിച്ച് സംസ്ഥാനത്ത് വലിയ ആശങ്കകൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നു. ഓണം ഇല്ലായ്മയിലൂടെയാവുമെന്ന് വ്യാപകമായ പ്രചാരണം എന്നാൽ അതെല്ലാം പൊളിഞ്ഞു. ജനം അത് സ്വീകരിച്ചില്ല. കിറ്റെന്ന് കേൾക്കുമ്പോൾ ചിലർക്ക് പേടി; കേന്ദ്രം കേരളത്തോട് പകപോക്കുകയാണെന്ന് മുഖ്യമന്ത്രി അത്തം മുതൽ ഓണം വരെ ഏഴ് കോടി രൂപയുടെ കച്ചവടമാണ് സപ്ലൈകോ ഫെയറുകളിൽ മാത്രമായി നടന്നത്. സപ്ലൈകോയുടെ വിൽപ്പനശാലകളിൽ ആകെ 170 കോടിയുടെ കച്ചവടമാണ് നടന്നത്. പത്ത് ദിവസങ്ങളിലായി 32 ലക്ഷം കാർഡ് ഉടമകളാണ് സബ്സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങിയത്. സപ്ലൈകോയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ പ്രഹരമാണിതെന്നും, ഇക്കൂട്ടർക്ക് നാണമില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. അതേസമയം സംസ്ഥാനം പല പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സഹായിക്കുന്നേയില്ല. സാമ്പത്തികമായി സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുകയാണ്.് കേരളത്തെ പൂർണമായും അവഗണിക്കുകയാണ്. അതിനൊക്കെ പുറമേ കേന്ദ്ര സർക്കാർ പകപോക്കൽ നടത്തുകയാണ്. ഈ നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്രം നൽകേണ്ട സഹായം ഔദാര്യമല്ല. രാജ്യത്തിന്റെ വരുമാനമെന്നത് എല്ലാ ഭാഗങ്ങളിലും നിന്നും ലഭിക്കുന്നതാണ്. ആ വരുമാനം കേന്ദ്രത്തിന്റെ കൈയ്യിലുണ്ട്. അത് സംസ്ഥാനങ്ങൾക്ക് നീതിപൂർവം വിതരണം ചെയ്യണം. എന്നാൽ വിതരണം ആ തരത്തിൽ അല്ലെന്നും പിണറായി പറഞ്ഞു. യുഡിഎഫ് കാലത്ത് നിർത്തിവെച്ച് പോയ വികസന പദ്ധതികൾ എൽഡിഎഫ് നടപ്പിലാക്കുകയാണ്. വികസന പദ്ധതികളുടെ എണ്ണം കേരളത്തിൽ വർധിച്ചു. സംസ്ഥാനത്തെ ഐടി മേഖല മെച്ചപ്പെട്ടു. കയറ്റുമതി വർധിച്ചുവെന്നും, കമ്പനികളുടെ എണ്ണം കൂടിയെന്നും, അതുവഴി തൊഴിലവസരങ്ങൾ വർധിച്ചുവെന്നും ചൂണ്ടിക്കാട്ടി. കിഫ്ബി വഴി വലിയ വികസനമാണ് കേരളത്തിൽ നടക്കുന്നത്. ശബരിമല വിമാനത്താവളത്തിനുള്ള അനുമതികൾ ലഭിച്ച് വരുന്നുണ്ട്. കെ ഫോൺ യാഥാർത്ഥ്യമായതും സർക്കാരിന്റെ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *